നല്ല മനുഷ്യനാവാന്‍ കഴിയുക എന്നത് ഒരു ഭാഗ്യമാണ്

നല്ല മനുഷ്യനാവാന്‍ കഴിയുക എന്നത് ഒരു ഭാഗ്യമാണ്, ദൈവം ചിലര്‍ക്കുമാത്രം നല്‍കുന്ന പുണ്യമാണത്. സത്യസന്ധതയും ആകര്‍ഷണീയമായ പെരുമാറ്റവുമാണ് ഒരാളെ നല്ല മനുഷ്യനാക്കി തീര്‍ക്കുന്നത്. ചില വ്യക്തികളോടൊപ്പം വര്‍ഷങ്ങളോളം ജീവിച്ചാലും ഒരു സ്വാധീനവും ചെലുത്താന്‍ അയാള്‍ക്ക് കഴിയില്ല, ഹൃദയത്തില്‍ ഒരു അടയാളമെങ്കിലും കോറിയിടാന്‍ അയാള്‍ക്ക് സാധിച്ചെന്നുവരില്ല. എന്നാല്‍ ചില ആളുകള്‍ ഒരു വാക്കോ ഒരു പുഞ്ചിരിയോ കൊണ്ട് ഹൃദയം കീഴടക്കികളയും, പിന്നെയും പിന്നെയും അയാളോട് സംസാരിക്കാനും നല്ല ബന്ധമുണ്ടാക്കാനും നം ശ്രമിക്കും. കാരണ.ം അയാള്‍ റിസീവഡ് ചെയ്യുന്നതത്രയും പോസിറ്റീവ് എനര്‍ജിമാത്രമാണ്. എളിമ ഏറുമ്പോഴാണ് ഒരു മനുഷ്യന്‍ വലിയ ആളാവുന്നത്. അല്ലാതെ ഞാനെന്ന ഭാവത്തില്‍ മസില്‍പിടിച്ചിരിക്കുമ്പോഴല്ല.
പണമോ പ്രശസ്തിയോ എന്തുമാവട്ടെ ഒരു മേഖലയില്‍ ഒരു മേല്‍വിലാസമുണ്ടാകുമ്പോള്‍ അഹങ്കാരത്തിന്റെ കൈകള്‍ അവര്‍ക്ക് കുടപിടിക്കാന്‍ തുടങ്ങും. പിന്നെ അയാളുടെ കണ്ണുകളില്‍ മറ്റുള്ളവരെല്ലാം ചെറുതായിതീരും. ഓരോ വ്യക്തിയും അവരവരുടെ മേഖലയില്‍ വിലപ്പെട്ടവരാണെന്ന സത്യം പലരും മറക്കുന്നു. ഒരു കോടീശ്വരനും ഒരു ചെരുപ്പ്കുത്തിക്ക് പകരമാവാനാകില്ല. ഒരു കമ്പ്യൂട്ടര്‍ എഞ്ചീനിയര്‍ക്കും ബാര്‍ബര്‍ തൊഴിലാളിക്ക് ബദലാകാന്‍ കഴിയില്ല.
അഹങ്കാരം ഇന്ന് എന്തുമാത്രം ഭീകരമായിട്ടുണ്ടെന്നോ(?)     ഒരു പാട്ടുകാരന് പാട്ടുകാരനല്ലാത്തവനോട് പുച്ഛം, ഒരു എഴുത്തുകാരന്‍ മറ്റുള്ളവര്‍ക്കുമുന്നില്‍ സ്വയം ബുദ്ധിജീവി വേഷം കെട്ടി നില്‍ക്കും, ഒരു കലാകാരന്‍ ഞാന്‍ വലിയ സംഭവമാണെന്ന ഭാവത്തില്‍ ആരെയും ശ്രദ്ധിക്കാതെ നടക്കും. ഒന്നു പുഞ്ചിരിച്ചുപോയാല്‍ ആകാശം ഇടിഞ്ഞുവീണുപോകുമെന്നാണ് ഇവരുടെയൊക്കെ വിചാരം. കാക്കിയിട്ട പോലീസുകാരന് സാധാരണക്കാരെല്ലാം വിലകുറഞ്ഞവരാണ്, ഓഫീസിലിരിക്കുന്ന ഉദ്യോഗസ്ഥന്റെ ആഗ്രഹം ലോകം മുഴുവന്‍ തന്നെ സാര്‍ എന്ന് വിളിക്കണമെന്നാണ്, തീര്‍ന്നില്ല ഒരു എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിക്ക് ഡിഗ്രി പഠിക്കുന്നവന്‍ വെറും ലോക്കലാണ്, മെഡിസിനാണ് പഠിക്കുന്നതെങ്കില്‍ ഞാനാണ് ലോകത്ത് ഏറ്റവും മിടുക്കനെന്ന് അവന്‍ സ്വയം വിധിയെഴുതും. പിന്നെ അവന്‍ ആരെയും ഗൗനിക്കുകയില്ല. മാത്രവുമല്ല അന്യസംസ്ഥാനത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് നാട്ടിലെ കാമ്പസിലുള്ളവന്‍ സില്ലിയാണ്, ആസ്‌ത്രേലിയയില്‍ പഠിച്ചുവന്നവന്‍ ഡല്‍ഹിയില്‍ പഠിച്ചവനോട് കാണിക്കുന്ന അതേ രീതി.
ഭൂമിയിലുള്ള എല്ലാവരും എന്നെ ആരാധനയോടെ നോക്കുന്നുവെന്ന വിഡ്ഡിത്തം കലര്‍ന്ന വിചാരമുണ്ടല്ലോ അതാണ് മാറേണ്ടത്. ഒരാളുടെ കഴിവിനെയൊന്നുമല്ല ജനം ഇഷ്ടപ്പെടുന്നത്. ആ കഴിവിനിടയില്‍ അവര്‍ കാത്തുസൂക്ഷിക്കുന്ന നന്മകളെയാണ് ലോകം ഇന്‍വേറ്റഡ് കോമ ചേര്‍ത്തുവായിക്കുന്നത്.
്‌നല്ല മനുഷ്യന്‍ എപ്പോഴും നന്മകൊണ്ട് പൊതിഞ്ഞവനായിരിക്കും. ഏതു സാഹചര്യത്തിലും അയാള്‍ നന്മകൈവെടിയില്ല. കഴിഞ്ഞാഴ്ച മനസ്സിനെ വല്ലാതെ തൊട്ട ഒരു സംഭവമുണ്ടായി.
ഒരു ഹര്‍ത്താല്‍ ദിനം, ഞാന്‍ ഓഫീസില്‍ നിന്നും പുറത്തിറങ്ങി പള്ളിയിലേക്ക് നടക്കുകയാണ്. പെട്ടെന്നൊരാള്‍  വന്ന് ചോദിക്കുന്നു. ഞാന്‍ വളരെ ദൂരെ ദിക്കില്‍ നിന്നാണ് മോനെ, കാശെടുക്കാന്‍ മറന്നുപോയി, ഭക്ഷണം കഴിച്ചിട്ടില്ല, നല്ല വിഷപ്പുണ്ട് ഒരു നൂറു രൂപ തരുമോ(?)
തട്ടിപ്പിന് ആയിരം മുഖങ്ങള്‍ വന്നുചേര്‍ന്ന വര്‍ത്തമാനകാലത്ത്, ഓരോ കൈനീട്ടലിനുപിന്നിലും കറുത്ത കുതന്ത്രങ്ങളുണ്ടെന്ന സത്യം  മനസ്സില്‍ ഫ്‌ളാഷ് ന്യൂസായി മിന്നി. പക്ഷെ, ആ ദയനീയ നോട്ടത്തിനുമുന്നില്‍ മുഖം തിരിക്കുന്നതെങ്ങനെ(?) എന്റെ വയര്‍ മാത്രം നിറഞ്ഞാല്‍ മതി എന്ന് കണക്കുകൂട്ടുന്നതിനിടയിലേക്ക് ദൈവം ചിലപ്പോള്‍ ഇങ്ങനെ ചിലരെ കണ്‍മുന്നിലേക്ക് അയച്ചുതരും, നമ്മള്‍ മറ്റുള്ളവരുടെ ദു:ഖമറിയുന്നുണ്ടോ എന്ന് പരീക്ഷിക്കാന്‍.
പേഴ്‌സ് തുറന്ന് ഞാന്‍ പൈസ നീട്ടിയപ്പോള്‍ വാങ്ങുന്നതിന് മുമ്പ് ഒരുപാട് നിബന്ധനകളുണ്ടായിരുന്നു അയാള്‍ക്ക്. പൈസ തിരിച്ചുവാങ്ങണം, അതിന് എന്റെ നമ്പര്‍വേണം, എന്റെ വിലാസം വേണം…
സഹതാപം പിടിച്ചുപറ്റാന്‍ ഓരോ കള്ളന്മാരും ചെയ്യുന്ന കാര്യം ഇയാളും ആവര്‍ത്തിക്കുകയാണെന്ന് കരുതി ഞാനെന്നെ പരിചയപ്പെടുത്താനോ നമ്പര്‍ നല്‍കാനോ നിന്നില്ല. പൈസ കൊടുത്ത് ഞാനൊഴിഞ്ഞു.
അതിനടയില്‍ കണ്‍മുന്നിലൂടെ ആഴ്ചകള്‍ പലതു കഴിഞ്ഞുപോയി. പിന്നീടെപ്പോഴോ പതിവുപോലെ ഒരു ദിവസം ഞാന്‍ അതേ വഴിയിലൂടെ നടന്നുപോകുമ്പോള്‍ ഒരാള്‍ എന്നെ തടഞ്ഞുനിര്‍ത്തുന്നു, കുറേ സമയം അയാള്‍ എന്നെതന്നെ നോക്കി, എന്നിട്ട് ചോദിക്കുന്നു. അന്നൊരു ദിവസം ഞാന്‍ മോന്റെ കയ്യില്‍ നിന്ന് ഒരു നൂറ് രൂപ വാങ്ങിയിരുന്നില്ലെ(?)
അത് ഞാന്‍ തന്നെയാണെന്ന് ഉറപ്പിച്ചശേഷം അയാള്‍ പറഞ്ഞു. ഇത് ഒരു കടമാണ്, ഈ കടം തീര്‍ക്കുവാനായി ഞാന്‍ നിന്നെ എത്രനാളായി തേടുന്നുവെന്നോ(?). എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് അന്ന് നിന്നെ കണ്ട അതേ വഴിയില്‍ അതേ സമയത്ത് വന്ന് നില്‍ക്കാന്‍ തോന്നിയത്(!) അല്‍ ഹംദുലില്ലാ ഇപ്പോള്‍ എനിക്ക് ആശ്വാസമായി.
വേണ്ടെന്നു പറഞ്ഞിട്ടും കൂട്ടാക്കാത്ത അയാളുടെ മുഖത്ത് എന്നെ കണ്ടപ്പോള്‍ ഉണ്ടായ ആഹ്ലാദവും വികാരവും പറഞ്ഞറിയിക്കാനാവുന്നില്ല. ഇതുപോലൊരു ദിക്കില്‍ ഒറ്റപ്പെട്ടുപോയൊരാള്‍ക്ക് ഒരു ഉപകാരം നല്‍കി ഒരു നന്മ ചെയ്താല്‍ മതിയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍  ആ കണ്ണ് നിറയുന്നുണ്ടായിരുന്നു. ഒടുവില്‍ സ്‌നേഹത്തിന്റെ പഞ്ചസാര ചേര്‍ത്ത് ഒരു ചായ കുടിപ്പിക്കാന്‍ (അയാള്‍ ഏറെ നിര്‍ബന്ധിച്ചു. ആ ക്ഷണവും നിരസച്ചു ഞാന്‍, എന്തോ ഇപ്പോള്‍ അതൊരു കുറ്റബോധമായി തോന്നുകയാണെനിക്ക്)
ഞാനൊരാള്‍ക്ക് നൂറ് രൂപ നല്‍കി എന്നതിന്റെ മഹിമ വിളിച്ചുപറയാനല്ല ഈ എഴുത്ത്, എങ്ങനെയെങ്കിലും മറ്റുള്ളവരെ പറ്റിച്ച് പണം കൈകലാക്കി പിന്നെ തിരിച്ചുചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തി കീഴടക്കാമെന്ന് കണക്കുകൂട്ടുന്ന ആളുകള്‍ ഏറിവരുമ്പോഴാണ് ഒരാള്‍ നൂറു രൂപയുടെ കടംവീട്ടാനായി കോഴിക്കോട്ടുനിന്ന് വണ്ടികേറി കാസര്‍കോട്ടെത്തി പലവട്ടം എന്നെ കാത്തിരുന്നത്.
ഞാനെന്റെ പേര് പറഞ്ഞില്ല, എന്റെ നമ്പറും നല്‍കിയില്ല, ഞാനയാളുടെ പേര് ചോദിച്ചില്ല, അയാളുടെ നമ്പറും വാങ്ങിയില്ല…ശരി മോനെ അള്ളാഹു ഐശ്വര്യം നല്‍കട്ടേയെന്ന് പറഞ്ഞ് അയാള്‍ ആള്‍കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്നുനീങ്ങി..നന്മയുടെ ഒരു ചിത്രമായി ആ മനുഷ്യന്‍ ഇപ്പോഴും എന്റെ ഉള്ളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
000              000             000
കഴിഞ്ഞാഴ്ച മൊബൈല്‍ ഫോണിലേക്ക് ഒരു കൂട്ടുകാരന്‍ സെന്റ് ചെയ്തുവിട്ട എസ്.എം.എസ് എന്നെ വല്ലാതെ ടച്ച് ചെയ്തു.
ഒരു വിദ്യാര്‍ത്ഥി ഐസ്‌ക്രിം കടയില്‍പോവുകയാണ്.
ഒരു ഐസ്‌ക്രീമിനു നേരെ വിരല്‍ചൂണ്ടി ചോദിച്ചു ഇതിനെന്തുവില
സെയില്‍സ്മാന്‍ പറഞ്ഞു
15 രൂപ
മറ്റൊരു ഐറ്റമിനുനേരെ ചെന്ന് ചോദിച്ചു
ഇതിനെന്തു വില 13 രൂപ
പിന്നെയും വിരല്‍ചൂണ്ടി അവന്‍ ചോദിച്ചു
ഇതിനെന്ത് വില
10 രൂപ
വീണ്ടും ചോദ്യം തുടര്‍ന്നപ്പോള്‍ സെയില്‍സ്മാന് ദേശ്യം പിടിച്ചു
തുടര്‍ന്ന് ചോദിച്ചു, എടാ നിന്റെ കയ്യില്‍ എത്ര കാശുണ്ട്(?)
ഒടുവില്‍ 15 രൂപമാത്രം കയ്യിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി പത്തു രൂപയുടെ ഐസ്‌ക്രീം വാങ്ങി അഞ്ച് രൂപ സെയില്‍സ്മാന് ടിപ് കൊടുക്കുന്നു…
ആരെന്തുപറഞ്ഞാലും ഈ ഭൂമിയില്‍ നിന്ന് നന്മകള്‍ വറ്റിപോയിട്ടില്ല. അതുതന്നെയാണ് ഈ ലോകത്തെ ഇപ്പോഴും നിലനിര്‍ത്തുന്നത്. ബോംമ്പപ്പം ചുട്ട്കളിച്ച് സാമൃജ്യത്വശക്തികള്‍ പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുമ്പോഴും ലോകം തകരാതെ നില്‍ക്കുന്നത് എവിടെയൊക്കെയോ ബാക്കിയുള്ള നന്മയുടെ ബലത്തിലല്ലാതെ മറ്റെന്തിലാണ്(!!)

ab kudiyanam
ലേഖകന്‍

എബി കുട്ടിയാനം

KCN

more recommended stories