നിയന്ത്രണരേഖയില്‍ ഇന്ത്യ മതില്‍ പണിയുന്നെന്ന് പാകിസ്താന്റെ ആക്ഷേപം

യുണൈറ്റഡ് നാഷന്‍സ്: ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ ഇന്ത്യ മതില്‍ കെട്ടാന്‍ ശ്രമിക്കുന്നതായി പാകിസ്താന്റെ ആക്ഷേപം. യു.എന്‍. സുരക്ഷാകൗണ്‍സിലിലാണ് പാകിസ്താന്‍ പരാതിപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശങ്ങള്‍ മറികടക്കുന്നതാണ് ഇന്ത്യയുടെ നീക്കമെന്നും പാകിസ്താന്‍ ആരോപിക്കുന്നു.
ഐക്യരാഷ്ട്രസഭയിലെ പാക് പ്രതിനിധി മലീഹ ലോധിയാണ് ഇത് സംബന്ധിച്ച് യു.എന്‍. രക്ഷാകൗണ്‍സില്‍ പ്രസിഡന്റ് വിറ്റാലി ചര്‍കിന് കത്ത് നല്‍കിയത്. ജമ്മുകശ്മീരിലെ 197കിലോമീറ്റര്‍ വരുന്ന ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 135 അടിവീതിയില്‍ 10മീറ്റര്‍ ഉയരത്തില്‍ മതില്‍കെട്ടാനാണ് ഇന്ത്യയുടെ ശ്രമമെന്ന് കത്തില്‍ പറയുന്നു. നിയന്ത്രരേഖയുടെ പ്രാധാന്യം ഇതോടെ നഷ്ടപ്പെടുമെന്നും പാകിസ്താന്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, പാകിസ്താന്‍ നല്‍കിയ രണ്ടുകത്തും പരസ്​പരവിരുദ്ധവും വ്യക്തതയില്ലാത്തതുമാണെന്നും അവയ്ക്ക് കൃത്യമായ സമയത്ത് കൃത്യമായ മറുപടി നല്‍കുമെന്നും ഇന്ത്യ തിരിച്ചടിച്ചു. 1965-നുശേഷം ഇത്തരത്തില്‍ നൂറുകണക്കിന് കത്ത് പാകിസ്താന്‍ ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കിയിട്ടുണ്ട്. അതൊന്നും കാര്യമായ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല. അന്താരാഷ്ട്ര ഭീകരന്റെ ഒരു ആരോപണമാണ് ഇത്തവണ പാകിസ്താന്‍ ഏറ്റെടുത്തിരിക്കുന്നത്. അതിനൊന്നും മറുപടി പറയാനില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
 ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുന്നതാണ് പാകിസ്താന്റെ പുതിയ ആരോപണം. ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെറീഫും തമ്മില്‍ നേരില്‍ കാണാനുള്ള വിദൂരസാധ്യതപോലും ഇത് ഇല്ലാതാക്കിയിരിക്കയാണ്.

KCN

more recommended stories