ചൈനയില്‍ വീണ്ടും സ്‌ഫോടനം

ബെയ്ജിങ്: ചൈനയിലെ ഗ്യാങ്ഷി പ്രവിശ്യയില്‍ വ്യാഴാഴ്ച വീണ്ടും സ്‌ഫോടനം. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച മേഖലയിലുണ്ടായ 17 ലെറ്റര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ എഴ് പേര്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും സ്‌ഫോടനമുണ്ടായിരിക്കുന്നത്. സ്‌ഫോടനത്തില്‍ ആറ് നിലയുള്ള പാര്‍പ്പിടസമുച്ചയം തകര്‍ന്നു. ഒരു സൂപ്പര്‍മാര്‍ക്കറ്റിനും കേടുപാട് സംഭവിച്ചതായി പോലീസ് പറഞ്ഞു.  സ്‌ഫോടനത്തിനുപിന്നില്‍ തീവ്രവാദികളാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ചൈനയിലെ പിന്നാക്ക വിഭാഗമായ ഉയ്ഗുര്‍ വിഭാഗവുമായി ബന്ധപ്പെട്ട് മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
ബുധനാഴ്ച ജയില്‍, സര്‍ക്കാര്‍ ഓഫീസ്, റെയില്‍വേസ്റ്റേഷന്‍, ആസ്​പത്രി എന്നിങ്ങനെ 13 ഇടങ്ങളിലായാണ് 17 സ്‌ഫോടനങ്ങള്‍ നടന്നത്. അതിവേഗം നല്‍കേണ്ട പാഴ്‌സലുകളിലായിരുന്നു ബോംബ് വെച്ചിരുന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് മേഖലയിലെ തപാല്‍ ഓഫീസുകളില്‍ സുരക്ഷ ശക്തമാക്കി. പാഴ്‌സലുകള്‍ നല്‍കുന്നത് ഒക്ടോബര്‍ മൂന്നുവരെ നിര്‍ത്തിവെച്ചു.
സംഭവത്തെത്തുടര്‍ന്ന് പോലീസ് മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപരിചിതരില്‍നിന്നുള്ള വസ്തുക്കളും അനധികൃത മാര്‍ഗങ്ങളിലൂടെ എത്തുന്ന പൊതികളും സ്വീകരിക്കരുതെന്നാണ് മുന്നറിയിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്.

KCN

more recommended stories