അഫ്ഗാനിസ്താനില്‍ അമേരിക്കന്‍ വിമാനം തകര്‍ന്ന് 12 പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്താനില്‍ അമേരിക്കന്‍ വിമാനം തകര്‍ന്ന് 12 പേര്‍ മരിച്ചു. ഇവരില്‍ അഞ്ച് പേര്‍ യു.എസ്. സൈനികരാണ്.
വ്യാഴാഴ്ച രാത്രി ജലാലാബാദ് സിറ്റി എയര്‍പോര്‍ട്ടിന് സമീപമാണ് സി-130 വിഭാഗത്തില്‍പ്പെട്ട യാത്രാവിമാനം തകര്‍ന്ന് വീണത്. വിമാനം വെടിവെച്ച് വീഴ്ത്തിയതാണെന്ന് താലിബാന്‍ വക്താവ് സാഹിഹുള്ള മുജാഹിദ് ട്വിറ്ററിലൂടെ അവകാശപ്പെട്ടു. എന്നാല്‍, അപകടകാരണം വ്യക്തമായിട്ടില്ലെന്ന് സഖ്യകക്ഷി വക്താവ് പറഞ്ഞു.

ഇതിനിടെ, താലിബാന്‍ കീഴടക്കിയ വടക്കന്‍ അഫ്ഗാന്‍ നഗരമായ ഖുണ്ടൂസില്‍ ജനങ്ങള്‍ ക്രൂരമായ കൊലപാതകങ്ങള്‍ക്കും കൂട്ടബലാത്സംഗങ്ങള്‍ക്കും ഇരയാകുന്നതായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങളെ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അഫ്ഗാന്‍ അധികൃതരോട് ആംനെസ്റ്റിയുടെ അഫ്ഗാന്‍ പ്രതിനിധി ഹൂറിയ മൊസദിക് ആവശ്യപ്പെട്ടു.

ഖുണ്ടൂസില്‍ ലക്ഷ്യമിടുന്ന സൈനിക, പോലീസ്, സര്‍ക്കാര്‍ ഉദ്യേഗസ്ഥരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും പട്ടിക താലിബാന്‍ തയ്യാറാക്കിയതായും ആംനെസ്റ്റി മുന്നറിയിപ്പ് നല്‍കി. താലിബാന്‍ നിയന്ത്രണത്തിലാക്കിയ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി, സര്‍ക്കാര്‍-സര്‍ക്കാരിതര ഓഫീസുകളില്‍ നിന്നാണ് ഉദ്യോഗസ്ഥരുടെ ഫോട്ടോ, വിലാസം ഫോണ്‍ നമ്പറുകള്‍ എന്നിവ ശേഖരിച്ചത്.
ഇരകളെ കണ്ടെത്താന്‍ ആണ്‍കുട്ടികളെ ഉപയോഗിച്ച് വീടുകള്‍ തോറുമുള്ള പരിശോധനകള്‍ നടത്തുകയാണ് താലിബാനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ്, സൈനിക ഉദ്യോഗസ്ഥരുടെ വീടുകളിലെ സ്ത്രീകളും കുട്ടികളുമാണ് കൂട്ടബലാത്സംഗങ്ങള്‍ക്ക് കൂടുതലും ഇരകളാകുന്നത്. ഇവരുടെ വീടുകള്‍ കൊള്ളയടിക്കുകയും തീവെക്കുകയുമാണ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് താലിബാന്‍ ഖുണ്ടൂസ് കീഴടക്കിയത്. ജയിലുകള്‍ ആക്രമിച്ച് പുരുഷ തടവുകാരെ മോചിപ്പിച്ച് ആയുധം നല്‍കി സൈന്യത്തിനെതിരെ പോരാടാന്‍ പ്രേരിപ്പിക്കുകയാണ്. വനിതാതടവുകാര്‍ കൂട്ടത്തോടെ പീഡിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

KCN

more recommended stories