മോദിയെ ഹിറ്റ്‌ലറോട് ഉപമിച്ച്, ബ്രിട്ടണില്‍ പ്രതിഷേധം

modലണ്ടന്‍: സിനിമാതാരങ്ങളെ വെല്ലുന്ന ഹീറോ പരിവേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പല പൊതുപരിപാടികളിലും ലഭിച്ചുവരുന്നത്. അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഇതാവര്‍ത്തിച്ചു. മോദിയുടെ അടുത്ത യാത്ര യു.കെ.യിലേക്കാണ്. എന്നാല്‍ ഇവിടെ അദ്ദേഹത്തെ കാത്തിരിക്കുന്നത് സുഖകരമായ അനുഭവങ്ങളായിരിക്കില്ല. കാലുകുത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പേ, പ്രതിഷേധവുമായി ആളുകള്‍ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. നരേന്ദ്രമോദിയെ സ്വേച്ഛാധിപതിയായ ഹിറ്റ്‌ലറോട് ഉപമിച്ചുള്ള പോസ്റ്ററുകളാണ് കഴിഞ്ഞ ദിവസം യു.കെ. പാര്‍ലമെന്റ് പരിസരങ്ങളില്‍ ഉയര്‍ന്നത്. ബ്രിട്ടന്‍ നിവാസികളായ ഇന്ത്യക്കാരുടെ സംഘടനയായ ‘ആവാസ് നെറ്റ്‌വര്‍ക്കാ’ണ് ഇങ്ങനെയൊരു പ്രതിഷേധം നടത്തിയത്.

വാളുയര്‍ത്തി നില്‍ക്കുന്ന നരേന്ദ്രമോദിയും നാസി ചിഹ്നവും, ഒപ്പം ‘മോദിക്ക് സ്വാഗതമില്ല’ (മോദി നോട്ട് വെല്‍ക്കം) എന്ന എഴുത്തോടും കൂടിയ വലിയ പോസ്റ്ററുകളാണ് കഴിഞ്ഞ ദിവസം യു.കെ. പാര്‍ലമെന്റ് പരിസരത്ത് ഉയര്‍ന്നത്. ഡിജിറ്റല്‍ ഇന്ത്യയുടെയും ശുചിത്വഭാരതത്തിന്റെയും പേരിലുള്ള ആശയങ്ങളുമായി രംഗത്തുവന്നിരിക്കുന്ന മോദിയുടെ യഥാര്‍ത്ഥ ലക്ഷ്യം, രാജ്യത്തിന്റെ ജനാധിപത്യവും മതസൗഹാര്‍ദവും തകര്‍ക്കുക എന്നതാണെന്ന് ആവാസ് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനും അവയ്‌ക്കെതിരെ ഉടനടി നടപടി ആവശ്യപ്പെട്ടുകൊണ്ടുമുള്ള നിവേദനവും ബ്രട്ടീഷ് അധികൃതര്‍ തയാറാക്കിയിട്ടുണ്ട്. 40 ബ്രിട്ടീഷ് എംപിമാര്‍ ചേര്‍ന്ന് ഒപ്പിട്ട നിവേദനം, യു.കെ. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മോദിക്ക് കൈമാറും.

കഴിഞ്ഞ മാസത്തെ യു.എസ് സന്ദര്‍ശനത്തിന് ഇടയ്ക്കും മോദിക്കെതിരെ പലയിടങ്ങളിലും പ്രതിഷേധം അരങ്ങേറിയിരുന്നു. ‘മോദിയുടെ കൈകളില്‍ നിന്നും പടര്‍ന്ന രക്തക്കറ കഴുകിക്കളയാന്‍’ എന്ന കുറിപ്പോടെ, ഫെയിസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് ഹാന്‍ഡ് വാഷാണ് പ്രതിഷേധക്കാര്‍ അയച്ചുകൊടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നുദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനം വ്യാഴാഴ്ചയാണ് ആരംഭിക്കുക. യു.കെ. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി, എലിസബത്ത് രാജ്ഞിയുമായും കൂടിക്കാഴ്ച നടത്തും. ഒമ്പതുകൊല്ലത്തെ ഇടവേളയ്ക്കുശേഷമാണ് ബ്രിട്ടനുമായി ഇന്ത്യയുടെ ഉഭയകക്ഷി ചര്‍ച്ച നടക്കുന്നത്. ഇതോടൊപ്പം പ്രതിരോധമടക്കമുള്ള വിവിധ മേഖലകളിലെ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിടും.

KCN

more recommended stories