കടല്‍കടന്ന് കണിക്കൊന്നയും വെള്ളരിയും…

kani

ദുബായ്: യു.എ.ഇ. മലയാളികള്‍ക്കുള്ള ‘വിഷുവിഭവങ്ങള്‍’ കടല്‍കടന്നെത്തിത്തുടങ്ങി. കണിക്കൊന്നയും വെള്ളരിയും തുടങ്ങി വാഴയിലയും മുല്ലപ്പൂവും റെഡിമെയ്ഡ് പായസങ്ങളുംവരെ വിഷുവിപണി ലക്ഷ്യമിട്ട് എത്തുന്നുണ്ട്. നാട്ടില്‍ വിഷുപ്രമാണിച്ച് വില കുതിച്ചെങ്കിലും വിലക്കയറ്റം പരമാവധി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കച്ചവടക്കാര്‍.

കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് യു.എ.ഇയിലേക്ക് വിഷുവിനായുള്ള ചരക്കുകള്‍ എത്തുന്നത്. പച്ചക്കറികളും വാഴയിലയും കൊന്ന – മുല്ല പൂക്കളും ശര്‍ക്കരവരട്ടി, കായ വറുത്തത്, പായസം മിക്‌സുകള്‍ തുടങ്ങിയവയും ഇതില്‍പെടും. ശനിയാഴ്ച മുതലാണ് ചരക്കുകള്‍ രാജ്യത്ത് എത്തിത്തുടങ്ങിയത്. തിങ്കളാഴ്ചയോടെ വരവ് പൂര്‍ണമാകും. വിമാനമാര്‍ഗവും കപ്പല്‍ വഴിയും ചരക്കുകള്‍ എത്തിക്കുന്നുണ്ട്. നാട്ടില്‍ വിഷുപ്രമാണിച്ച് പച്ചക്കറി അടക്കമുള്ളവയ്ക്ക് വില കയറിയെങ്കിലും യു.എ.ഇയിലെ വിഷുവിപണിയെ വിലക്കയറ്റം ബാധിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

പച്ചക്കറികളുടെ വിലയില്‍ വലിയ വര്‍ധനയില്ലാതെ പിടിച്ചുനില്‍ക്കാനാകുമെന്ന് മൊത്തക്കച്ചവടക്കാരായ അബ്ദുല്ല ആല്‍ കത്താലിലെ ഇബ്രാഹിം പറയുന്നു. എന്നാല്‍, വാഴയില, മുല്ലപ്പൂ തുടങ്ങിയവയ്ക്ക് വില കൂട്ടേണ്ടി വരും. നേരത്തെ വാഴയിലയ്ക്ക് കാര്‍ട്ടണിന് പരമാവധി 60 ദിര്‍ഹം വരെ ഈടാക്കിയിരുന്നിടത്ത് ഇത്തവണ 70 മുതല്‍ 80 ദിര്‍ഹം വരെ ഈടാക്കേണ്ടിവരും. വാഴയിലയ്ക്ക് കാര്‍ട്ടണിന് മൂന്ന് ദിര്‍ഹം വരെ അധികം വിലയിടും.

കൊന്നപ്പൂക്കള്‍ കാര്യമായി എത്തുന്നത് കേരളത്തില്‍ നിന്നുതന്നെയാണ്. കുറവ് നികത്താന്‍ തമിഴ്‌നാട്ടില്‍ നിന്നും പരമാവധി ശേഖരിക്കും. എന്നാല്‍, ഇത്തവണ കൊന്നപ്പൂക്കളുടെ ലഭ്യത വളരെ കുറവാണെന്നും കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ടണ്‍വരെ പൂക്കള്‍ ഓര്‍ഡര്‍ ചെയ്തവരുണ്ട്. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ വളരെ കുറച്ച് പൂക്കളേ എത്തിയിട്ടുള്ളൂ. 50 മുതല്‍ 70 ദിര്‍ഹം വരെയാണ് മൊത്തക്കച്ചവടക്കാര്‍ ഈടാക്കുന്ന വില. ഷോപ്പുകളിലെത്തുമ്പോള്‍ വില വീണ്ടും കൂടും.

വിഷു പ്രമാണിച്ച് വസ്ത്ര വിപണിയും സജീവമായിട്ടുണ്ട്. നാട്ടില്‍ നിന്നെത്തുന്ന പരമ്പരാഗത വസ്ത്രങ്ങള്‍ക്കാണ് വിഷുക്കാലത്ത് ആവശ്യക്കാര്‍ കൂടുതല്‍. മലയാളി ഉടമസ്ഥതയിലുള്ളവയ്ക്ക് പുറമെ, ഇന്ത്യക്കാരായ മറ്റു കച്ചവടക്കാരും വിഷുക്കോടികള്‍ വില്‍പനയ്ക്ക് വെക്കുന്നുണ്ട്.

KCN

more recommended stories