യുവതിയെ ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ശ്രമം; രണ്ടുപ്രതികള്‍ അറസ്റ്റില്‍

arestകാസര്‍കോട്: യുവതിയെ ഉപയോഗിച്ച് മലയോരത്തെ ചെങ്കല്‍ വ്യാപാരിയായ നാല്‍പ്പതുകാരനെയും സുഹൃത്തിനെയും ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ കസ്റ്റഡിയിലായ രണ്ടുപ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കാസര്‍കോട് കുഡ്‌ലു മജലിലെ മുഹമ്മദ് ഷബീര്‍(25), ബദര്‍ നഗറിലെ ഇസ്മായില്‍(22) എന്നിവരെയാണ് സി ഐ ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട യുവതിയെയും യുവാവിനെയും പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി. ബോവിക്കാനത്തെ ഷെഫീറും യുവതിയുമാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനു പടിഞ്ഞാറ് വശത്തുള്ള റോഡില്‍  നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. മലയോരത്തെ ചെങ്കല്‍ വ്യാപാരിയെ അടുത്തിടെ തലശ്ശേരി സ്വദേശിനിയെന്ന് പരിചയപ്പെടുത്തിയ യുവതി മിസ്ഡ് കോള്‍ ചെയ്തിരുന്നു. പിന്നീട് നിരന്തരം ഫോണില്‍ ഇവര്‍ സംസാരിക്കുകയും ചെയ്തു. ഇതിനിടയില്‍ ശനിയാഴ്ച ഉച്ചയോടെ യുവതി താന്‍ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍  ചെങ്കല്‍ വ്യാപാരിയായ യുവാവും സുഹൃത്തും സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ റെയില്‍വെ സ്‌റ്റേഷനില്‍ എത്തുകയായിരുന്നു.

യുവതി ഇവരെ കണ്ടതോടെ കാറില്‍ ചെന്ന് കയറി. ഇവര്‍ പോകാനൊരുങ്ങിയതോടെ മറ്റു മൂന്ന് യുവാക്കള്‍ കൂടി ഓടിയെത്തി ഈ കാറില്‍ കയറുകയും കാര്‍ മംഗളൂരുവിലേക്ക് വിടാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ചെങ്കല്‍വ്യാപാരിയും സുഹൃത്തും ഇതിന് വിസമ്മതിച്ചതോടെ സംഘം ഇവരെ ഭീഷണിപ്പെടുത്തുകയും തങ്ങള്‍ പറഞ്ഞ സ്ഥലത്തേക്ക് തന്നെ കാര്‍ വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപകടം മണത്ത ചെങ്കല്‍ വ്യാപാരിയായ യുവാവ് കാര്‍ മംഗളൂരുവിലേക്ക് പോകാമെന്ന്് പറഞ്ഞ് മുന്നോട്ടെടുക്കുകയും ബാങ്ക് റോഡ് കഴിഞ്ഞതോടെ കാര്‍ പെട്ടെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് വെട്ടിച്ചുകയറ്റുകയുമായിരുന്നു. ഇതിനിടയില്‍ കാര്‍ പെട്ടെന്ന് പോലീസ് സ്‌റ്റേഷന്‍ ഗെയ്റ്റിന് സമീപം ഓഫായതോടെ കറുത്ത മിഡിയും ടോപ്പും ധരിച്ച യുവതിയും ഒരു യുവാവും കാറില്‍ നിന്നും ഇറങ്ങിയോടി രക്ഷപ്പെടുകയാണുണ്ടായത്.

കാറിലുണ്ടായിരുന്ന വധശ്രമക്കേസിലെ പ്രതിയെയും സുഹൃത്തിനെയും യുവാക്കളും ഓടിയെത്തിയ പോലീസുകാരും ചേര്‍ന്നാണ് പിടികൂടിയത്.  യുവതിയെ ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമാവുകയും ചെയ്തു. തുടര്‍ന്ന് ചെങ്കല്‍ വ്യാപാരി രേഖാമൂലം പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവതി അടക്കമുള്ള നാലംഗസംഘത്തിനെതിരെ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുക്കുകയായിരുന്നു. രക്ഷപ്പെട്ട പ്രതികളെ പിടികൂടാന്‍ വേണ്ടി നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.

KCN

more recommended stories