ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായ യുവാക്കളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറിയറ്റ്

dyfiകാസര്‍കോട്: ജില്ലയില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായ യുവാക്കളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. തൃക്കരിപ്പൂരിലെ ചില യുവാക്കളുടെ തിരോധാനം തീവ്രവാദ ബന്ധത്തിന്റെ ഭാഗമാണെന്ന വ്യാപക പ്രചാരണത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ വിശദമായ അന്വേഷണം ആവശ്യമാണ്. നാട്ടില്‍ ഭീതിയും അരക്ഷിതാവസ്ഥയുമുണ്ടാക്കുന്ന വിധത്തിലുള്ള വലിയ ഊഹാപോഹങ്ങളാണ് ഇതിന്റെ ഭാഗമായി പ്രചരിക്കുന്നത്. യുവാക്കള്‍ തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്ന വാര്‍ത്ത ആശങ്കാജനകമാണ്. ഇത് നാട്ടില്‍ വര്‍ഗീയ ധ്രുവീകരണത്തിന് വഴിവയ്ക്കും. രാഷ്ട്രീയ മുതലെടുപ്പിനായി സംഘപരിവാര്‍ സംഘടനകള്‍ ഇതിനകം ശ്രമം തുടങ്ങിയിട്ടുണ്ട്. ദൈവഭീതികൊണ്ട് മാത്രം നാനാ ജാതി- മതസ്ഥര്‍ സൗഹൃദത്തോടെ വാഴുന്നയിടങ്ങളല്ല നമുക്കുവേണ്ടത്, മറിച്ച് മനുഷ്യരെ മനുഷ്യരായി കാണാനും സഹജീവികളോട് സ്‌നേഹവും കരുണയും പ്രകടിപ്പിക്കാനും കഴിയുന്നയിടങ്ങളാണ്. ഭൂരിപക്ഷം ഹിന്ദുമത വിശ്വാസികളും ഹിന്ദുത്വ ഭീകരതയ്‌ക്കെതിരാണ്. എന്നാല്‍ സംഘപരിവാര്‍ ദേശീയതയുടെ ഭാഷയിലൂടെ സംസാരിച്ചാണ് രാജ്യത്ത് ഭീകരതയ്ക്ക് നേതൃത്വം നല്‍കുകയാണ്. ഭൂരിപക്ഷം മുസ്ലീങ്ങളും ഐഎസിനെ വെറുക്കുന്നതോടൊപ്പം തീവ്രവാദത്തിനെതിരുമാണ്. അതേസമയം ചില മതമൗലീകവാദികള്‍ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാനും മതസ്പര്‍ധ വളര്‍ത്താനും ശ്രമിക്കുകയാണ്. ഇതു തിരിച്ചറിഞ്ഞ് ഇക്കൂട്ടരെ ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ടുവരണം. തീവ്രവാദ ബന്ധമെന്ന പ്രചാരണത്തിന്റെ നിജസ്ഥിതി എത്രയുംപെട്ടെന്ന് പുറത്തുകൊണ്ടുവരാന്‍ കേന്ദ്ര- സംസ്ഥാന ഏജന്‍സികള്‍ തയ്യാറാകണമെന്നും ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

KCN

more recommended stories