സമ്പൂര്‍ണ്ണ പാര്‍പ്പിടം കുടുംബശ്രീ സര്‍വ്വെ ഫെബ്രുവരി 18, 19 തീയ്യതികളില്‍

parpidam copy

കാസര്‍കോട് : അഞ്ചുവര്‍ഷത്തിനകം സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും സുരക്ഷിതവും ഉറപ്പുളളതുമായ പാര്‍പ്പിടം നല്‍കുന്നതിനുളള പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് കുടുംബശ്രീമിഷന്‍ വിവരശേഖരണം നടത്തും. സാമൂഹ്യപശ്ചാത്തല മേഖലയില്‍ കാര്യമായ മാറ്റം ഉണ്ടാക്കുന്നതിനും വീടില്ലാത്തവര്‍ക്ക് മാന്യവും സുരക്ഷിതവുമായ വീടിനോടൊപ്പം ജീവനോപാധി ഉറപ്പാക്കാന്‍ കഴിയുന്ന ഉപ ജീവനസംവിധാനമൊരുക്കുന്നതിനായാണ് സമ്പൂര്‍ണ്ണപാര്‍പ്പിട സുരക്ഷാ പദ്ധതി ലൈഫ് മിഷന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുളളത്. കേന്ദ്രസര്‍ക്കാര്‍ 2011 ല്‍ നടത്തിയ സാമൂഹികസാമ്പത്തിക ജാതി സെന്‍സസ് പ്രകാരം ലഭ്യമായ ഭൂ-ഭവനരഹിതരുടെ പട്ടികയും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പക്കല്‍ വിവിധ പദ്ധതികളിലേക്കായി തയ്യാറാക്കിയ ഭൂരഹിതര്‍, ഭവനരഹിതരുടെ പട്ടികയും സര്‍വ്വെയുടെ ഭാഗമായി പരിഗണിക്കും. ഈ പട്ടികയില്‍ ഇടംപിടിക്കാത്ത ഭവന രഹിതരെ കുടുംബശ്രീ ടീം കണ്ടെത്തും. ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തവരും വാസയോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഈ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുളള സര്‍വ്വെ ഫെബ്രുവരി 18 നും 19 നും ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലും തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തുമെന്ന് കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക അറിയിച്ചു.

കുടുംബശ്രീ ജില്ലാമിഷന്‍ തയ്യാറാക്കുന്ന ഗുണഭോക്തൃ പട്ടികയുടെ അന്തിമ അംഗീകാരം നല്‍കുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായിരിക്കും. ഗ്രാമസഭ, വാര്‍ഡ്‌സഭകളില്‍ പട്ടിക പരിശോധനയ്ക്കായി സമര്‍പ്പിച്ച് സഭയുടെ അംഗീകാരം നേടണം. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അംഗീകാരത്തോടെയുള്ള പട്ടിക കുടുംബശ്രീ ജില്ലാമിഷന് കൈമാറും. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പാര്‍പ്പിടം ലഭിക്കുന്നതിനും അര്‍ഹരല്ലാത്ത ഒരാളും പട്ടികയില്‍ ഉള്‍പ്പെടാതിരിക്കുന്നതിനും ഉദ്ദേശിച്ചാണ് വിവരശേഖരണം നടത്തുന്നത്. സംസ്ഥാനമൊട്ടാകെ ഒരേസമയത്ത് രണ്ട് ദിവസമായിട്ടാണ് പരിശോധന നടത്തുന്നത്. പരിശോധന വഴി ലഭിക്കുന്ന വിവരങ്ങള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത വിവരശേഖരത്തിലേക്ക് വിന്യസിക്കും. ഒന്നാംഘട്ട സര്‍വ്വെ നടപടികള്‍ ഈ മാസം 26 നകം പൂര്‍ത്തീകരിക്കും. അന്തിമ പട്ടിക ഏപ്രില്‍ 10നകം പ്രസിദ്ധീകരിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. സര്‍വ്വെ വിവരങ്ങളില്‍ ആക്ഷേപം സ്വീകരിക്കുന്നതിനായി തദ്ദേശസ്ഥാപന സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംവിധാനമൊരുക്കും. കരട് പട്ടിക പ്രസിദ്ധീകരിച്ച ദിവസം മുതല്‍ 10 ദിവസത്തിനകം ആക്ഷേപം സമര്‍പ്പിക്കാം. ജില്ലാമിഷന്‍ പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍ ആക്ഷേപമുളളവര്‍ക്ക് പട്ടിക പ്രസിദ്ധീകരിച്ച് 10 ദിവസത്തിനകം ജില്ലാകളക്ടര്‍ക്ക് ആക്ഷേപം നല്‍കാം.

 

 

KCN

more recommended stories