ഹൈവേയിലൂടെ പോകവേ കണ്ടെയ്നറിനെ വിഴുങ്ങി തീജ്വാലകള്‍, പ്രദേശത്താകെ കനത്ത പുക, കത്തിനശിച്ചത് എട്ട് കാറുകള്‍
കാറുകള്‍ പൂര്‍ണമായും നശിച്ചു. കണ്ടെയ്നര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ പൊള്ളലേറ്റ് ചികിത്സയിലാണ്.
ഹൈദരാബാദ്: കാറുകളുമായി വരികയായിരുന്ന കണ്ടെയ്നര്‍ ട്രക്കിന് തീപിടിച്ചു. എട്ട് കാറുകള്‍ കത്തിനശിച്ചു. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഹൈദരാബാദ് – മുംബൈ ഹൈവേയിലാണ് സംഭവം നടന്നത്.
തീജ്വാലകള്‍ കണ്ടെയ്നറിനെ വിഴുങ്ങുന്ന ദൃശ്യം പുറത്തുവന്നു. കണ്ടെയ്നറില്‍ നിന്ന് കനത്ത പുക ഉയര്‍ന്നു. അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാന്‍ പ്രയാസപ്പെട്ടു. തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കണ്ടെയ്നറിലുണ്ടായിരുന്ന എട്ട് കാറുകളാണ് കത്തിനശിച്ചത്. കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. കണ്ടെയ്നര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ 20 ശതമാനം പൊള്ളലേറ്റ് ചികിത്സയിലാണ്.
മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ സംഗറെഡ്ഡി ജില്ലയിലെ സഹീറാബാദ് ബൈപാസ് റോഡില്‍ വെച്ചാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പറഞ്ഞു. തീപിടിത്തം ഹൈവേയില്‍ ഗതാഗത കുരുക്കിനിടയാക്കി.