ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടം. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് രാത്രി ഒന്നരയ്ക്ക് മുന്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ നേരിടും. ആന്‍ഫീല്‍ഡില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുമ്പോള്‍ എല്ലാ കളിയും ജയിച്ച ഏക ടീമെന്ന തിളക്കവും ആത്മവിശ്വാസമുണ്ട് ആര്‍നെ സ്ലോട്ടിന്റെ ലിവര്‍പൂളിന്.
രണ്ടു വീതവും ജയവും തോല്‍വിയുമുളള റയല്‍ മാഡ്രിഡ് 36 ടീമുകളുള്ള ലീഗില്‍ 21-ാം സ്ഥാനത്താണ്. നാലു കളികളില്‍ നാലും ജയിച്ച ലിവര്‍പൂള്‍ ആകട്ടെ മൂന്നാതാണ്. പരിക്കേറ്റ ബ്രസീലിയന്‍ താരം വിനിഷ്യസ് ജൂനിയര്‍ ഇല്ലാതെയാവും റയല്‍ ലിവര്‍പൂളിനെതിരെ വമ്പന്‍ പോരിനിറങ്ങുക. ബ്രാഹിം ഡിയാസ് വിനിഷ്യസിന്റെ പകരക്കാരനാവും. മുന്നേറ്റത്തില്‍ കിലിയന്‍ എംബാപ്പെ, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരുടെ ഉത്തരവാദിത്തം കൂടുമെന്നുറപ്പ്. ഒരുപിടി താരങ്ങള്‍ പരിക്കിന്റെ പിടിയിലായതിനാല്‍ കാര്‍ലോ ആഞ്ചലോട്ടി ആരൊയൊക്കെ ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് റയല്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ലെഗാനെസിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 3-0ന്റെ വമ്പന്‍ ജയം.