കാസർകോട്: കേരളത്തോട് കേന്ദ്രം പകപോക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ കേരളത്തിന് കേന്ദ്രം സഹായം നിഷേധിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വിമർശനം. കാസർകോട്ട് പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്തതാണ് കേരളത്തോട് കേന്ദ്രം ചെയ്യുന്നത്, കേരളവും രാജ്യത്തിന്റെ ഭാഗമാണ്, കേന്ദ്രനിലപാടിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുണ്ടക്കൈ–ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി പച്ചക്കള്ളമാണ് പറയുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മാനദണ്ഡങ്ങൾ അനുസരിച്ച് കേരളം കണക്ക് തയാറാക്കി നൽകിയിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ ഇത് പൂർത്തിയാക്കിയിരുന്നു. എന്നിട്ടും കേന്ദ്രം കുറ്റപ്പെടുത്തുകയാണ് ഉണ്ടായത്. ഇതിനെതിരെ ഏകോപിതമായി കേരളത്തിന്റെ ശബ്ദം ഉയരണം. പാർലമെന്റിൽ ബിജെപി എംപി ഒഴികെ എല്ലാ കേരള എംപിമാരും പ്രതിഷേധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കോൺഗ്രസ് സാമ്രാജ്യത്വത്തിന് വിധേയപ്പെട്ടെന്നും നരേന്ദ്ര മോദി പറയുന്ന അതേ കാര്യങ്ങളാണ് രാഹുൽ ഗാന്ധിയും പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.