ദുബായ്: ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് ചാപ്റ്റര്‍ തുടര്‍ച്ചയായി നടത്തി വരുന്ന ജിംഖാന നാലപ്പാട് ട്രോഫി അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പത്താം സീസണ്‍ കിസൈസ് ടാലന്റഡ് സ്‌പോര്‍ട്‌സ് ഫെസിലിറ്റിയില്‍ പ്രത്യേകം സജ്ജമാക്കിയ വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്നു. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഒന്നിന് എതിരെ രണ്ട് ഗോളുകള്‍ നേടി ജി ടി ഇസഡ് ഷിപ്പിങ്ങ് എഫ് സിയെ പരാചയപ്പെടുത്തി യുണൈറ്റഡ് എഫ് സി കാലിക്കറ്റ് ജേതാക്കളായി. പതിനായിരം ദിര്‍ഹം ക്യാഷ് പ്രൈസാണ് ജേതാക്കള്‍ക്ക് സമ്മാനിക്കുന്നത്. നാലപ്പാട് ഗ്രൂപ്പ് ഡയറക്ടര്‍ അബ്ദുല്ല നാലപ്പാട് ജേതാക്കള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.
കെഫാ റാങ്കിങ്ങിലുള്ള പതിനാറ് ടീമുകള്‍ പങ്കെടുത്ത മത്സരങ്ങളില്‍ ഓരോ കളികളും അത്യന്തം വാശിയേറിയതായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ജി ടി ഇസഡ് എഫ് സിയുടെ ശ്രീ രാജ്, ഏറ്റവും നല്ല ഗോള്‍ കീപ്പറായി യുണൈറ്റഡ് എഫ് സി കാലിക്കറ്റിലെ ഷിബിലി, മികച്ച ഡിഫന്‍ഡര്‍ യുണൈറ്റഡ് എഫ് സി കാലിക്കറ്റിലെ അതുല്‍, ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരന്‍ റഹീം ദാസ് എന്നിവരെ തെരഞ്ഞെടുത്തു.