തലമുറകളുടെ സംഗമമായി നിടുവളംപാറ തറവാട് അംഗങ്ങളുടെ ഒത്തുചേരല്‍

കാസര്‍ഗോഡ്: നിടുവളംപാറ തറവാട് കുടുംബസംഗമം വിവിധ പരിപാടികളോടെ സംഭവബഹുലമായി സംഘടിപ്പിച്ചു. തറവാട്ടിലെ വിവിധ തലമുറകളില്‍പ്പെട്ട കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന സംഗമം കുടുംബബന്ധങ്ങളുടെ ഊഷ്മളതയും തറവാടിന്റെ പാരമ്പര്യവും വിളിച്ചോതുന്നതായി.

പരിപാടിയില്‍ അഗ്‌നേഷ് കളരി സ്വാഗതം ആശംസിക്കുകയും നിടുവളംപാറ തറവാടിന്റെ ചരിത്രവും പാരമ്പര്യവും അവതരിപ്പിക്കുകയും ചെയ്തു. നാഗേഷ് ഉദയഗിരി അധ്യക്ഷത വഹിച്ചു.

വിശിഷ്ടാതിഥി മധുസൂധന പണിക്കര്‍ ”തറവാടും കുടുംബബന്ധങ്ങളും” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. കുടുംബബന്ധങ്ങളുടെ പ്രാധാന്യവും തറവാടിന്റെ പാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.

കുടുംബസംഗമത്തിന്റെ ഭാഗമായി വിവിധ കലാ-കായിക പരിപാടികളും സംഘടിപ്പിച്ചു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ കുടുംബത്തിലെ നിരവധി അംഗങ്ങള്‍ പരിപാടികളില്‍ സജീവമായി പങ്കെടുത്തു.

തറവാടിന്റെ പാരമ്പര്യം സംരക്ഷിക്കുന്നതില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ മുതിര്‍ന്ന കുടുംബാംഗങ്ങളെയും തറവാട് പരിപാലിച്ച അമ്മമാരെയും ചടങ്ങില്‍ ആദരിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച് സമൂഹത്തിന് മുന്നില്‍ തറവാടിന്റെ അഭിമാനമായി മാറിയ പ്രതിഭകളെയും ചടങ്ങില്‍ ആദരിച്ചു.

തറവാട് കാരണവര്‍ ഗംഗാധരന്‍ ഭട്ടംപാറ ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു. കുടുംബത്തിന്റെ ഐക്യവും സ്‌നേഹബന്ധങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും തറവാടിന്റെ പാരമ്പര്യം വരുംതലമുറകളിലേക്ക് കൈമാറുന്നതിനും ഇത്തരം സംഗമങ്ങള്‍ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

സെക്രട്ടറി ശശി നെല്‍പാടി നന്ദി അറിയിച്ചു.

കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയും പാരമ്പര്യത്തെ ആദരിക്കുകയും പുതിയ തലമുറയിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് നിടുവളംപാറ തറവാട് കുടുംബസംഗമം അവിസ്മരണീയമായി.

Scroll to Top