സംശയം തോന്നി തടഞ്ഞു വച്ചു, ചാക്കിലും സ്‌കൂട്ടര്‍ സീറ്റിന്റെ അടിയിലും നിറയെ നിരോധിത ലഹരി വസ്തുക്കള്‍; ഒടുവില്‍ പിടിയില്‍
കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി വിദ്യാനഗര്‍ പൊലീസ്. പ്ലാസ്റ്റിക് ചാക്കുകളിലാക്കി മംഗലാപുരത്ത് നിന്നും ചെര്‍ക്കളയിലേക്ക് സ്‌കൂട്ടറില്‍ കടത്തും വഴിയാണ് ഇവ പിടികൂടിയത്. മുളിയാര്‍ കെട്ടുംകല്‍ സ്വദേശി മൊയ്ദീന്‍ കുഞ്ഞി (45 )നെ ജില്ലാ പോലീസ് മേധാവിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സി പി ഒ മാരായ നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
മംഗലാപുരം- ചെര്‍ക്കള റൂട്ടില്‍ ഇയാള്‍ സഞ്ചരിക്കുകയായിരുന്നു. ഇയാളെക്കണ്ട് സംശയം തോന്നിയപ്പോള്‍ തടഞ്ഞു വെക്കുകയും വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അബ്ബാസ് പി കെ യെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയുമായിരുന്നു. ചാക്കില്‍ നിറച്ച അവസ്ഥയിലും, വാഹനത്തിന്റെ സീറ്റിന് അടിയിലുമായിട്ടാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്.