Home Kasaragod തച്ചങ്ങാട് സ്‌കൂളിലെ മോഷണം; അറസ്റ്റിലായ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഓടിപ്പോയി

തച്ചങ്ങാട് സ്‌കൂളിലെ മോഷണം; അറസ്റ്റിലായ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഓടിപ്പോയി

by KCN CHANNEL
0 comment

കാസര്‍കോട്: ബേക്കല്‍, വിദ്യാഭ്യാസ ഉപജില്ലയിലെ തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ നടന്ന കവര്‍ച്ചാ കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്നു ഓടിപ്പോയി. ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടയില്‍ പ്രതിയെ ഒരു മണിക്കൂറിനകം പൊലീസ് അറസ്റ്റു ചെയ്തു. മോഷണക്കേസിനു പുറമെ പൊലീസ് സ്റ്റേഷനില്‍ നിന്നു രക്ഷപ്പെട്ടതിനും കേസെടുത്തു. ബേക്കല്‍, തായല്‍ മൗവ്വല്‍ സ്വദേശിയും തച്ചങ്ങാട്, അരവത്തെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ പി.കെ മുഹമ്മദ് സഫ്വാ (19)നെയാണ് വെള്ളിയാഴ്ച രാത്രി എട്ടരമണിയോടെ തൃക്കണ്ണാട്, മലാംകുന്നില്‍ വച്ച് അറസ്റ്റു ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ’-വ്യാഴാഴ്ച രാത്രിയാണ് തച്ചങ്ങാട് സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് പള്ളിക്കര പഞ്ചായത്ത് സിഡിഎസ് നടത്തുന്ന മാകെയര്‍ ഷോപ്പില്‍ കവര്‍ച്ച നടന്നത്. ഷോപ്പിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് ക്യാബിന്‍ തകര്‍ത്ത് അകത്ത് കടന്ന് 1000 രൂപയും കാല്‍ ലക്ഷത്തോളം രൂപയുടെ സാധനങ്ങളുമാണ് കവര്‍ച്ച ചെയ്തത്. സംഭവത്തില്‍ ഷോപ്പ് നടത്തിപ്പുകാരുടെ പരാതി പ്രകാരം ബേക്കല്‍ പൊലീസ് കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി എസ്ഐ ബാബു പടച്ചേരിയും സംഘവും സ്‌കൂളിനു സമീപത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ടു പേര്‍ സ്‌കൂള്‍ വളപ്പിലേക്ക് നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. നടന്നു പോകുന്നത് സഫ്വാനും മറ്റൊരാളും ആണെന്നു വ്യക്തമായി. തുടര്‍ന്ന് സഫ്വാനെ അറസ്റ്റു ചെയ്തു സ്റ്റേഷനില്‍ എത്തിച്ചു. മൊഴിയെടുത്ത ശേഷം സ്റ്റേഷനകത്ത് ഇരുത്തിയതായിരുന്നു പ്രതിയെ. ഇതിനിടയില്‍ പൊലീസുകാരുടെ കണ്ണു വെട്ടിച്ച് സഫ്വാന്‍ വെള്ളിയാഴ്ച രാത്രി ഏഴര മണിയോടെ പൊലീസ് സ്റ്റേഷനില്‍ നിന്നു ഇറങ്ങി ഓടി. സംഭവം ശ്രദ്ധയില്‍പ്പെട്ട പൊലീസുകാര്‍ പിറകെ ഓടിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കസ്റ്റഡി ചാട്ടത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. വിവിധ സ്ഥലങ്ങളില്‍ തെരയുന്നതിനിടയിലാണ് മലാംകുന്ന് റെയില്‍വെ ട്രാക്കിനു സമീപത്തു വച്ച് സഫ്വാന്‍ ബേക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈനിന്റെയും സംഘത്തിന്റെയും പിടിയിലായത്.

You may also like

Leave a Comment