ഓഫീസുകളില്‍ പരിശോധന നടത്തും

കാസര്‍കോട് :സര്‍ക്കാര്‍ ഓഫീസുകളില്‍ ഓഫീസ് സമയം പാലിക്കാത്ത ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ വിജിലന്‍സ് നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് എ ഡി എം എച്ച് ദിനേശന്‍ അറിയിച്ചു. ജില്ലാതല വിജിലന്‍സ് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവില്‍സ്റ്റേഷന്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ കൃത്യസയത്ത് ഹാജരാകുന്നില്ലെന്നും വൈകീട്ട് നേരത്തേ പോകുന്നുവെന്നും പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. ശനിയാഴ്ച ദിവസങ്ങളില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥരുടെ ഹാജര്‍നില കുറയുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ജില്ലയില്‍ റോഡരികില്‍ അനധികൃതമായി ഷെഡ് സ്ഥാപിച്ച് കച്ചവടം നടത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഷെഡുകള്‍ നീക്കം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. വാഹന ഗതാഗതത്തിനും വഴിയാത്രയ്ക്ക് തടസ്സമാകുന്നരീതിയിലുമാണ് ഷെഡുകള്‍ ഉളളത്. ബസ് ബേയ്ക്ക് അരികില്‍ പോലും ഇത്തരം സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. മണല്‍ വാരല്‍ തടയുന്നില്ല, വീടുകള്‍ക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ നമ്പര്‍ നല്‍കുന്നില്ല തുടങ്ങിയ നിരവധി പരാതികള്‍ സമര്‍പ്പിച്ചിട്ടും കൃത്യമായ പരിഹാര നടപടി സ്വീകരിക്കാത്തവര്‍ക്കെതിരെ യോഗത്തില്‍ പരാമര്‍ശമുണ്ടായി. യോഗത്തില്‍ ഡി വൈ എസ് പിമാരായ കെ ദാമോദരന്‍, പ്രഭാകരന്‍, സി ഐ ഉണ്ണികൃഷ്ണന്‍,സമിതി അംഗങ്ങള്‍ , വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

KCN

more recommended stories