തിളക്കമേറെയുണ്ട് ഈ യുവവിജയത്തിന്

ക്രിക്കറ്റ് കളി വെള്ളക്കാരന്റേതായിരുന്നു, ആടുമേയ്ക്കുന്നതിനിടയില്‍ തണുപ്പകറ്റാന്‍വേണ്ടിയായിരുന്നു അവര്‍ ബാറ്റും ബോളുമുപയോഗിച്ച് കളി തുടങ്ങിയത്. കാലങ്ങളോളം ഇംഗ്ലണ്ടും ആസ്‌ത്രേലിയയും ക്രിക്കറ്റില്‍ തങ്ങളുടെ അപ്രമാധിത്യം തുടര്‍ന്ന് അതിനുള്ളില്‍ വെള്ളക്കാരന്റെ കയ്യൊപ്പ് ചാര്‍ത്തി. ഡോണ്‍ ബ്രാഡ്മാനും ജിംലേക്കറുമെല്ലാം ക്രിക്കറ്റിന്റെ അമ്പാസിഡര്‍മാരായി മാറി.
1975ലെ പ്രഥമലോകകപ്പില്‍ ക്ലൈവ് ലോയ്ഡിന്റെ വെസ്റ്റ് ഇന്ത്യന്‍ സംഘം മുത്തമിട്ടപ്പോള്‍ അത് വെള്ളക്കാരന്റെ മുന്നിലേക്ക് വരാന്‍ പോകുന്ന പലതിന്റെയും സൂചനയായി മാറി.
1983ല്‍ ഇന്ത്യ ലോക ചാമ്പ്യന്മാരാവുന്നു. ഒരു ചാമ്പ്യന്‍പട്ടത്തിനപ്പുറം ഇന്ത്യ എന്ന മഹാരാജ്യത്ത് ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് അത് നിര്‍ണ്ണായക സ്വാധീനമായി. പിന്നീടിങ്ങോട്ട് പലവേളകളില്‍ പല ടൂര്‍ണ്ണമെന്റുകളില്‍ നാം നല്ല വിജയങ്ങള്‍നേടി. മുഹമ്മദ് അസ്ഹറുദ്ദീന്‍ നായകനായതോടെ ഇന്ത്യ ആരെയും തോല്‍പ്പിക്കുന്ന ടീമായി മാറി. അസ്ഹറുദ്ദീന് ശേഷം ചിലനായകന്മാര്‍ കഴിഞ്ഞ് ഗാംഗൂലിയിലേക്ക് ക്യാപ്റ്റന്‍സി എത്തിയതോടെ ഇന്ത്യ പാടെ മാറി, എം.എസ്.ധോനി അതിനെ അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു.
ക്രിക്കറ്റിന്റെ ചരിത്രം ഇത്രയും പറഞ്ഞുവന്നത് ആസ്‌ത്രേലിയയിലെ ടൗണ്‍സ് വീലില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യനേടിയ വിജയത്തെക്കുറിച്ച് പറയാന്‍ വേണ്ടിയാണ്. ഉന്മുക്ത് ചാന്ദ് എന്ന ഡല്‍ഹിക്കാരന്റെ നായകത്വത്തില്‍ നേടിയ വിജയം ശുഭകരമായ പല സന്ദേശങ്ങളും നല്‍കുന്നു. ധോനിയും കൂട്ടരും കൊയ്തുകൂട്ടുന്ന വിജയങ്ങള്‍ ഒരു സൂചനമാത്രമാണെന്നും വരും കാലം ഇന്ത്യ ഇതിലും കൂടുതല്‍ അപകടകാരിയാകുമെന്നുമാണ് അതില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയുന്നത്.
ഇന്ത്യയുടെ കൗമാരക്കാര്‍ നേടിയെടുത്ത ജയം മഹത്തരമായിരുന്നു.ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് തോറ്റ ഇന്ത്യ പിന്നീട് അനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ച് പോരാളികളെപോലെയാണ് പൊരുതിയത്.
ഉന്മുക്ചന്ദ് എന്ന പ്രതിഭാധനനായ കളിക്കാരനോടൊപ്പം കമാല്‍ പാസി, സമിത് പട്ടേല്‍ , ബാബ അപരിജിത് തുടങ്ങിയ കളിക്കാരെല്ലാം വിജയത്തിലെ നിര്‍ണ്ണായ ഘടകങ്ങളായി. ഓരോ യൂത്ത് ടൂര്‍ണ്ണമെന്റുകളും രാജ്യത്തിന് വിലപ്പെട്ട താരങ്ങളെയാണ് സംഭാവന ചെയ്യുന്നത്. 1996ലെ അണ്ടര്‍ 16 ലോകകപ്പില്‍ ഉപനായകനായിരുന്ന മുഹമ്മദ് കൈഫ് 2000ല്‍ ആദ്യമായി ഇന്ത്യയെ അണ്ടര്‍ 19 ലോകചാമ്പ്യന്മാരാക്കി. അതിലൂടെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് കടന്നുവന്ന കൈഫ് കുറേ കാലം ഇന്ത്യന്‍ ടീമിലെ അവിഭാജ്യഘടമായി നിലകൊണ്ടു. നാറ്റ്‌വെസ്റ്റ് ട്രോഫിയുടെ ഫൈനലില്‍ ഇംഗ്ലണ്ടിലെ ഓവല്‍ ഗ്രൗണ്ടില്‍ കൈഫ് ടീം ഇന്ത്യയെ ഒറ്റക്ക് വിജയത്തിലേക്ക് നയിച്ച ആ നിമിഷം ആര്‍ക്കാണ് മറക്കാന്‍ കഴിയുക(?) ബാറ്റിങ്ങിലെ സാങ്കേതിക തികവിനൊപ്പം ഉജ്ജ്വലഫീല്‍ഡുമായി കൈഫ് ആരാധകരുടെ മനം കവര്‍ന്നു. അലസന്മാരായ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ക്ക് ഊര്‍ജ്ജസ്വലത കൈവന്നത് കൈഫ് വന്നശേഷമായിരുന്നു. ഇന്ത്യയുടെ അടുത്തനായകന്‍ കൈഫായിരിക്കുമെന്നുവരെ പ്രചരിച്ചിരുന്നു. പക്ഷെ, തന്റെ പ്രതിഭയോട് നീതിപുലര്‍ത്തനാവാതെ കൈഫിന് പുറത്തുപോവേണ്ടിവന്നു. എന്നാല്‍ ആടീമിലുണ്ടായിരുന്ന യുവരാജ് സിംഗ് ഇന്ത്യന്‍ ടീമിന്റെ നെടുംതൂണാണിന്ന്. 2008ല്‍ ഇന്ത്യയെ വീണ്ടും അണ്ടര്‍ 19 ലോകകപ്പ് ജയത്തിലേക്ക് നയിച്ച വീരാട് കോലിപ്രതിഭാസ്പര്‍ശം കൊണ്ട് താരമാണിപ്പോള്‍. സുരേഷ് റൈനയും അജിന്‍ക്യാ രഹാനയുമെല്ലാം ജൂനിയര്‍ ലോകകപ്പിലൂടെ സാന്നിധ്യമറിയിച്ചവരായിരുന്നു. ഏഷ്യ കപ്പില്‍ ഒരു കളിയില്‍ ഒമ്പത് വിക്കറ്റുമായി അല്‍ഭുതം സൃഷ്ടിച്ചുകൊണ്ടായിരുന്നുവല്ലോ ഇര്‍ഫാന്‍ പത്താനും ഇന്ത്യന്‍ ടീമിലേക്ക് കയറിവന്നത്.
ഈ ലോകകപ്പും വലിയ പ്രതീക്ഷയാണ് പകരുന്നത്. ഉന്മുക്ത് ചന്ദിന് പുറമെ പ്രശാന്ത് ചോപ്രയും സന്ദീപ് ശര്‍മ്മയും രവികാന്ത് സിംഗ്, കമാല്‍ പാസി അങ്ങനെ അങ്ങനെ ആ പട്ടിക നീണ്ടുപോകുന്നു…
ദാദയും ദ്രാവിഡും ലക്ഷ്മണനും പടിയിറങ്ങി സച്ചിനും വീരുവും സഹീറുമെല്ലാം കരിയറിന്റെ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു, ആര് പോയാലും ടീം ഇന്ത്യ തളരില്ല എന്നാണ് ഈ യുവ പോരാളികള്‍ വിളിച്ചുപറയുന്നത്….
ഈ ചെറുപ്പക്കാരില്‍ പലരും നാളെ ഇന്ത്യയുടെ നീലതൊപ്പി അണിയും. എന്നാല്‍ ഉന്മുക്ത് ചന്ദ് എന്ന ഡല്‍ഹിക്കാരനെതേടി അത് അതിവേഗം വന്നെത്തുമെന്നാണ് തോന്നുന്നത്. അത്രമാത്രം പ്രതിഭാധനനാണ് ആ കളിക്കാരന്‍.
ഒരു കാലത്ത് ബോംബൈക്കാരെകൊണ്ട് നിറഞ്ഞതായിരുന്നു ഇന്ത്യന്‍ ടീം, പിന്നീടത് കര്‍ണ്ണാടകയായി. ശ്രീകാന്ത് സെലക്ടറായപ്പോള്‍ അത് തമിഴ്‌നാടിലേക്ക് നീങ്ങി. സെലക്ടര്‍ മാറിയിട്ടില്ലെങ്കിലും നല്ലകളിക്കാരെല്ലാം ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നാണ് വരുന്നത്. വീരു, ഗംഭീര്‍ , കോഹ്‌ലി, ഇപ്പോഴിത് ഉന്മുക്ത് ചന്ദും….

ab kudiyanam

ലേഖകന്‍

എബി കുട്ടിയാനം

KCN

more recommended stories