കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളുടെ മതില്‍ തകര്‍ത്തു

newsiconതൃക്കരിപ്പൂര്‍:  കോണ്‍ഗ്രസ് നേതാക്കളായ സഹോദരന്മാരുടെ വീടുകളുടെ ചുറ്റുമതില്‍ പാടേ അടിച്ചുതകര്‍ത്തു. തെക്കെ തൃക്കരിപ്പൂരിലെ ഇളമ്പച്ചിയില്‍ കഴിഞ്ഞദിവസം രാത്രിയാണു സംഭവം. സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം താമസിക്കുന്ന ജിഎസ്ടിയു മുന്‍ സംസ്ഥാന ട്രഷററും തൃക്കരിപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് നിര്‍വാഹക സമിതി അംഗവുമായ റിട്ട. എഇഒ കെ.വി. രാഘവന്‍, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ബ്ലോക്ക് പ്രസിഡന്റ് കെ. കുഞ്ഞിക്കൃഷ്ണന്‍ എന്നിവരുടെ വീടുകളുടെ  മതിലാണു തകര്‍ത്തത്. പമ്പ്‌സെറ്റും അക്രമത്തില്‍ തകര്‍ന്നു.
താനും കുടുംബവും വീട്ടില്‍ സംസാരിച്ചു കൊണ്ടിരിക്കെ പ്രാദേശിക സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍  ഇരുപതിലേറെ പേരായിരുന്നു തകര്‍ത്തതെന്നു കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. പ്രകോപനമില്ലാതെയായിരുന്നു അക്രമം. രാഘവന്റെ വീട്ടില്‍ താമസമില്ല.   സംഭവവുമായി ബന്ധപ്പെട്ടു സിപിഎം നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി കെ.പി. കമലാക്ഷന്‍, അര്‍ജുനന്‍, അനില്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച മതില്‍ പൊളിച്ചുനീക്കണമെന്ന നിരന്തര ആവശ്യം നിരാകരിക്കുകയും വികസന നടപടികളോടു നിസഹകരിക്കുകയും ചെയ്തതിന്റെ വികാരപ്രകടനമാണ് മതില്‍ നീക്കിയ സംഭവമെന്നും സിപിഎമ്മിന് ഇതില്‍ പങ്കില്ലെന്നും തൃക്കരിപ്പൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി എം.പി. കരുണാകരന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ടു ചെറുത്തതാണ് അക്രമത്തിനു കാരണമെന്നു സ്ഥലം സന്ദര്‍ശിച്ച കെപിസിസി നിര്‍വാഹക സമിതി അംഗം കെ. വെളുത്തമ്പു, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.വി . ഗംഗാധരന്‍, കെ.കെ. രാജേന്ദ്രന്‍, ബ്ലോക്ക് പ്രസിഡന്റ് പി. കുഞ്ഞിക്കണ്ണന്‍, മണ്ഡലം പ്രസിഡന്റ് സി. രവി എന്നിവര്‍ പറഞ്ഞു. അക്രമികള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

KCN

more recommended stories