ബദിയടുക്ക: ടാങ്കര്‍ ലോറി റോഡില്‍ കുടുങ്ങി. കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡില്‍ പടിപ്പുരവളവിലാണ് കുമ്പള ഭാഗത്ത് നിന്നു ബദിയടുക്ക ഭാഗത്തേക്ക് വന്ന ചരക്ക് ലോറി നിയന്ത്രണം തെറ്റി ഓവുചാലില്‍ കുടുങ്ങിയത്. ഇതോടെ റോഡിന്റെ വീതി കുറഞ്ഞ ഈ സ്ഥലത്ത് ചരക്കുവാഹനങ്ങള്‍ക്ക് പോകാനുള്ള വീതിയില്ലാത്തിനാല്‍ ഗതാഗതക്കുരുക്കുമുണ്ടായി. കാസര്‍കോട് ടൗണില്‍നിന്നു ചന്ദ്രഗരിപ്പാലം വരെ റോഡ് നവീകരണം നടത്തുന്നതിനാല്‍ ദേശീയ പാതയിലൂടെ കുമ്പളയിലെത്തുന്ന ചരക്ക് വാഹനങ്ങള്‍ ബദിയടുക്ക വഴി ചെര്‍ക്കളയിലെത്തിയാണ് കാസര്‍കോട്,കാഞ്ഞങ്ങാട്ഭാഗത്തേക്ക് പോകുന്നത്. കുമ്പള മുള്ളേരിയ കെഎടിപി റോഡിലൂടെ ചരക്ക് വാഹനങ്ങള്‍ കയറി വരുന്നതിനാല്‍ വന്‍തിരക്കാണ്..
അടുത്തിടെ നവീകരിച്ച റോഡാണിത്. ഈ റോഡില്‍ ഇന്നലെ ഓവുചാലില്‍ ലോറി കുടുങ്ങിയ സ്ഥലത്ത് വീതിയില്ല.158.85 കോടി രൂപ ചെലവിട്ട് നവീകരിച്ച റോഡിന് സ്ഥലം വിലകൊടുത്ത് വാങ്ങി വീതികൂട്ടുന്നത്പദ്ധതിയില്ലാത്തതിനാല്‍ ചിലയിടങ്ങളില്‍ വീതികുറവാണ്. സ്വകാര്യ വ്യക്തികള്‍ വിട്ടുനല്‍കാത്ത സ്ഥലങ്ങളിലാണ് വീതി കുറവുള്ളത്. ഈ റോഡിലൂടെ ബദിയടുക്കയിലെത്തിയാല്‍ ഇവിടെ നിന്നു ചെര്‍ക്കള,കാഞ്ഞങ്ങാട്,കാസര്‍കോട് പോകുന്നത് നബാര്‍ഡിന്റെ സഹായത്തോടെ നിര്‍മിച്ച ചെര്‍ക്കള കല്ലെടുക്ക അന്തര്‍ സംസ്ഥാന പാതയിലൂടെയാണ്.വര്‍ഷങ്ങളായി അവസാന ലെയര്‍ ടാറിങ് നടക്കാത്ത റോഡിന്റെ പള്ളത്തടുക്ക,കെടഞ്ചി,ഗോളിയടി,നെക്രാജെ,എടനീര്‍,എതിര്‍ത്തോട് എന്നിവിടങ്ങളില്‍ വന്‍കുഴികളാണുള്ളത്. ഈ റോഡില്‍ നെക്രാജെ ചേടിക്കാനയില്‍ ടാര്‍കയറ്റിയ ടാങ്കര്‍ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞിരുന്നു.ഇരു ചക്രവാഹനങ്ങള്‍ നിയന്ത്രണം തെറ്റി കുഴിയില്‍ വീഴുന്നു.