എന്‍.ആര്‍.എച്ച്.എം പദ്ധതി ചെലവിന്റെ കണക്ക് സമര്‍പ്പിക്കണം

ജില്ലയിലെ  സര്‍ക്കാര്‍ ആശുപത്രികളില്‍ ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ക്ക് ചെലവായ തുകയുടെ കണക്ക്  സമര്‍പ്പിക്കണമെന്ന് എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.മുഹമ്മദ്ആഷില്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13 കോടി രൂപയുടെ പദ്ധതികളാണ് ജില്ലയില്‍ നടപ്പിലാക്കിയത്.എന്നാല്‍  ചെലവായ നാലുകോടി രൂപയുടെ കണക്ക് ഇനിയും ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍മാര്‍ സമര്‍പ്പിച്ചിട്ടില്ല. ചെലവായ തുകയുടെ കണക്ക് സമര്‍പ്പിക്കാത്ത പക്ഷം അത്രയും തുക കുറവ് വരുത്തി മാത്രമേ നടപ്പ് വര്‍ഷത്തെ പദ്ധതിക്ക് എന്‍.ആര്‍.എച്ച്.എം ഫണ്ട് അനുവദിക്കുകയുളളൂ. ഇത് മൂലം ഈ വര്‍ഷം  ജില്ലയ്ക്ക് ലഭിക്കുന്ന തുകയില്‍ ഗണ്യമായ കുറവ് വരുമെന്നും അദ്ദേഹം അറിയിച്ചു.
ഓവര്‍സിയറെ നിയമിക്കുന്നു
പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ കീഴില്‍ ഓവര്‍സിയറുടെ ഒരു ഒഴിവ് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിപ്ലോമ ഇന്‍ സിവില്‍  എഞ്ചിനീയറിംഗ് ആണ് യോഗ്യത. മുന്‍പരിചയമുളളവര്‍ക്ക്  മുന്‍ഗണന. താല്‍പ്പര്യമുളളവര്‍ മെയ് 2 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി  പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതിയുടെ യോഗം ഏപ്രില്‍ 26 ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ആര്‍.ടി.ഒ അദാലത്ത് 29ന് കാസര്‍കോട് ആര്‍.ടി. ഓഫീസില്‍ മാര്‍ച്ച് 31 വരെ  വിവിധ സര്‍വീസുകള്‍ക്കായി നല്‍കിയ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ബാക്കിയുളളവര്‍ക്കായി ഏപ്രില്‍ 29 ന് ഓഫീസില്‍ അദാലത്ത് നടത്തുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.  അപേക്ഷകര്‍  തിരിച്ചറിയല്‍ കാര്‍ഡും അനുബന്ധരേഖകളുമായി അന്നേ ദിവസം ഓഫീസില്‍ എത്തണം. തീര്‍പ്പ്  കല്‍പിക്കാന്‍ ബാക്കിയുളള  അപേക്ഷകളുടെ  സ്ഥിതിയും അന്വേഷിക്കാവുന്നതാണ്.
 സൈബര്‍ശ്രീയില്‍ പരിശീലനത്തിന്  അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ സെന്ററില്‍ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ടെക്‌നോളജി ആന്റ് അപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് , വിഷ്വല്‍ ഇഫക്ട് ആന്റ് ത്രീഡി ആനിമേഷന്‍ എന്നീ മേഖലകളില്‍ മേയ് മാസം ആരംഭിക്കുന്ന ബാച്ചിലേക്ക് പരിശീലനത്തിന് 22നും 26നും മദ്ധ്യേ പ്രായമുളള എസ്.സി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആന്‍ഡ്രോയ്ഡ് മൊബൈല്‍ ടെക്‌നോളജി ആന്റ് ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റില്‍ അപേക്ഷകര്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഇവയിലേതെങ്കിലും പാസ്സായവരായിരിക്കണം. വിഷ്വല്‍ ഇഫക്ട് ആന്റ് ത്രീഡി ആനിമേഷനില്‍ അപേക്ഷകര്‍ ബി.എഫ്.എ പാസ്സായവരോ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളളവരോ ആയിരിക്കണം. കോഴ്‌സുകളില്‍ ആറുമാസത്തെ പരിശീലനത്തിന് പ്രതിമാസം 4000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും അപേക്ഷാഫോറവും വിശദവിവരങ്ങളും www.cybersri.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പ് സഹിതം  മെയ് അഞ്ചിനകം സൈബര്‍ശ്രീ, സി-ഡിറ്റ്, ടി.സി 26/847, പ്രകാശ്, വി.ആര്‍.എ – ഡി7, വിമന്‍സ് കോളേജ് റോഡ്, തൈക്കാട് പി.ഒ. തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0471 2323947
ആരോഗ്യ ഇന്‍ഷൂറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് പുതുക്കണം
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇന്നും നാളെയും ആരോഗ്യ ഇന്‍ഷൂറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് പുതുക്കി നല്‍കുന്നു. സ്മാര്‍ട്ട് കാര്‍ഡുമായി  കുടുംബാംഗങ്ങളില്‍  ഒരാള്‍ കേന്ദ്രത്തില്‍ ഹാജരാകണം. 30 രൂപ പുതുക്കല്‍ ഫീസായി നല്‍കണം. മഞ്ചേശ്വരം പഞ്ചായത്ത് ഹാള്‍, മംഗല്‍പ്പാടി പഞ്ചായത്ത് ഹാള്‍, ബന്തിയോട് ബദരിയ മദ്രസ്സ എന്നിവിടങ്ങളിലും ജില്ലാ കേന്ദ്രമായ  കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപമുളള അപ്‌സര ഷോപ്പിംഗ്  കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മെഡികെയര്‍ ടി.പി.എ ഓഫീസിലും കാര്‍ഡ് പുതുക്കി നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 200 2530 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടണം.
വൈദ്യുതി മുടങ്ങും
അറ്റകുറ്റപണി കാരണം ബേളൂര്‍ 33 കെ വി സബ്‌സ്റ്റേഷന്‍ പരിധിയില്‍ ഏപ്രില്‍ 23 ന് രാവിലെ പത്തുമുതല്‍ 24ന് വൈകുന്നരം അഞ്ചു മണി വരെ  വൈദ്യുതി വിതരണം മുടങ്ങും. ഈ ദിവസങ്ങളില്‍ കാഞ്ഞങ്ങാട് 110 കെ വി സബ്‌സ്റ്റേഷന്‍, നീലേശ്വരം 33 കെ വി സബ്‌സ്റ്റേഷന്‍, വെസ്റ്റ് എളേരി 33 കെ വി സബ്‌സ്റ്റേഷന്‍ പരിധികളിലും കല്ലപളളി, പാണത്തൂര്‍, ബളാംതോട്, പനത്തടി, മാലക്കല്ല്, അട്ടേങ്ങാനം, ബേളൂര്‍ എന്നിവിടങ്ങളിലും വൈദ്യുതി വിതരണം  പൂര്‍ണ്ണമായോ, ഭാഗികമായോ തടസ്സപ്പെടുമെന്ന് സ്റ്റേഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
വനം വകുപ്പ് തടി ലേലം ചെയ്യും  
ജില്ലയില്‍ വനം വകുപ്പ് തോട്ടങ്ങളില്‍ നിന്ന് ശേഖരിച്ച 55.925 ക്യൂബിക് മീറ്റര്‍ തേക്കും, 56.393 ക്യുബിക് മീറ്റര്‍ പലജാതി മരത്തടികള്‍, വാണിജ്യ- ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ചെറുകിട സംരംഭകര്‍ക്കും ലോട്ടുകളാക്കി പരപ്പ തടി ഡിപ്പോവില്‍ ഏപ്രില്‍ 25 ന് 10 മണിക്ക് ലേലം ചെയ്ത്  വില്‍പ്പന നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547602862, 8547602863 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
തെങ്ങിന്‍ ചക്കര വില്‍പ്പനയ്ക്ക്
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ നീലേശ്വരം കരുവാച്ചേരിയില്‍  പ്രവര്‍ത്തിക്കുന്ന കാര്‍ഷിക  ഗവേഷണകേന്ദ്രത്തില്‍ ഗുണമേന്‍മയുളള തെങ്ങിന്‍ ചക്കര വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യക്കാര്‍ ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടണം. ഒരു കിലോ ചക്കരയുടെ വില 600 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0467 2280358, മൊബൈല്‍ 9846695038, 9544528675.

KCN

more recommended stories