നൂറുമേനി വിളഞ്ഞു, രങ്കനാഥനെ ഹരിതകീര്‍ത്തി തേടിയെത്തി

കാസര്‍കോട് : കാര്‍ഷിക വൃത്തി പാരമ്പര്യമായി സ്വീകരിച്ച പൊയിനാച്ചിയിലെ ബട്ടത്തൂരില്‍ കാളിച്ചാമരം വീട്ടില്‍ രങ്കനാഥന് ഹരിതകീര്‍ത്തി അവാര്‍ഡിന്റെ തിളക്കം. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ krishi kasaragodകൗണ്‍സിലിന്റെ ജില്ലയിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് രങ്കനാഥ.
ആറ് വര്‍ഷത്തോളമായി കൃഷിയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച രങ്കനാഥ പരീക്ഷിക്കാത്ത വിളകളും അപൂര്‍വ്വം. ഗള്‍ഫില്‍ ജോലിചെയ്തു വന്ന രങ്കനാഥ നാട്ടിലെത്തിയ ശേഷം ചെറിയരീതിയില്‍ കൃഷി ചെയ്തു പോന്നു. പിന്നീട് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ കര്‍ഷകനായി മാറുകയായിരുന്നു. അഞ്ചേക്കര്‍ സ്ഥലത്താണ് ഇദ്ദേഹം കാര്‍ഷിക വിസ്മയങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. സ്വന്തമായുള്ള മൂന്നേക്കര്‍ സ്ഥലം കൃഷി ചെയ്യാന്‍ തികയാതെ വന്നപ്പോള്‍ ബന്ധുക്കളുടെ കൃഷി സ്ഥലങ്ങളിലും പാട്ടത്തിനെടുത്തും രണ്ടേക്കറില്‍ കൂടി കൃഷി വ്യാപിപ്പിക്കുകയായിരുന്നു. മത്തന്‍ , കുമ്പളം, മരച്ചീനി, പയര്‍ , കക്കിരി, വെള്ളരി, ഞരമ്പന്‍ , പാവല്‍ , പടവലം, വെണ്ട, വാഴ, മധുരക്കിഴങ്ങ് ഇങ്ങനെ എല്ലാ പച്ചക്കറികളും കൃഷിയിടത്തില്‍ സുലഭം. അഞ്ചേക്കറില്‍ ഒരേക്കര്‍ നെല്‍ക്കൃഷിയാണ് ചെയ്യുന്നത്. പണിക്കാരെ കിട്ടാത്തതിനാല്‍ സ്വയം അധ്വാനിച്ചാണ് അത്തരം പ്രതിസന്ധികളെ രങ്കനാഥ അതിജീവിക്കുന്നത്. ചാണകം, കോഴിവളം പച്ചില വളങ്ങള്‍ എന്നീ ജൈവവളങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കക്കിരി-നാല് ടണ്‍ , കുമ്പളം-20 ക്വിന്റല്‍ , മത്തന്‍ -അഞ്ച് ക്വിന്റല്‍ , മരച്ചീനി-20 ക്വിന്റല്‍ , പയര്‍ -നാല് ക്വിന്റല്‍ , മുരിങ്ങക്കായ-1 ക്വിന്റല്‍ എന്ന തോതിലാണ് മഴക്കാലത്ത് വിളവ് ലഭിച്ചത്. ഇതില്‍ നിന്നും ഒരു ലക്ഷം രൂപ ലാഭം ലഭിച്ചു. വേനലായാല്‍ ജലക്ഷാമം രൂക്ഷമാവുന്നതാണ് കൃഷിയില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. കൃഷിയിടത്തില്‍ എല്ലാ സ്ഥലത്തും വെള്ളം ലഭിക്കുവാന്‍ ഒരു ടാങ്കും സ്പ്രിംഗ്‌ളറുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത്തവണ വെള്ളരി കൂടി ഇറക്കി 40 ക്വിന്റല്‍ വിളവെടുത്തു.
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ മാറ്റിവച്ച് ബാക്കിയുള്ളവ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ സ്വാശ്രയ കര്‍ഷക വിപണിയിലാണ് വിറ്റഴിക്കുന്നത്. നല്ല രീതിയിലുള്ള വിലയാണ് ഇവിടെ ഇവിടെ ലഭിക്കുന്നത്. ബട്ടത്തൂരിലെ വി.എഫ്.പി.സി.കെയുടെ കര്‍ഷകസമിതിയിലെ ട്രഷറര്‍ കൂടിയാണ് രങ്കനാഥ. കൃഷി കൂടാതെ പശു , ആട്, കോഴി എന്നിവയും വീട്ടുവളപ്പില്‍ ഇടം നേടിയിരിക്കുന്നു. എച്ച്.എഫ്, ജഴ്‌സി ഇനത്തില്‍പ്പെട്ട അഞ്ച് പശുക്കളെയാണ് ഇപ്പോള്‍ വളര്‍ത്തുന്നത്. 10 പശുക്കളുള്ള ഒരു യൂണിറ്റായി പശു വളര്‍ത്തല്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് രങ്കനാഥ. കൂടാതെ ഹൈടെക് കൃഷിരീതി അവലംബിച്ച് കൃഷി കൂടുതല്‍ വിപുലമാക്കണമെന്നുള്ള ആഗ്രഹവുമുണ്ട്. സ്വന്തമായി അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കില്‍ കൃഷി ലാഭകരം തന്നെ രങ്കനാഥയുടെ ലളിതമായ വിജയമന്ത്രമാണിത്.

KCN

more recommended stories